കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച് 1924 മാർച്ച് 30 ന് തുടങ്ങി 603 ദിവസം നീണ്ടുനിന്ന ആയിത്തതിനെതിരായ സത്യാഗ്രഹമായിരുന്നു വൈക്കം സത്യാഗ്രഹം. ക്ഷേത്രത്തിലേക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ടി.കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മന്നത്ത് പദ്മനാഭൻ തുടങ്ങിയവരാണ് സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് നേതാവായ ഇ വി രാമസ്വാമി നയ്ക്കരെ ‘വൈക്കം ഹീറോ’ എന്നു വിശേഷിപ്പിക്കുന്നു. 1925 ൽ ഗാന്ധിജി വൈക്കം സന്ദർശിച്ചു. വൈക്കം സത്യാഗ്രഹതോടനുബന്ധിച് തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ചത് മന്നത്ത് പദ്മനാഭനാണ്. 1925 നവംബർ 23 ന് സത്യാഗ്രഹം പിൻവലിച്ചു.
1928 ൽ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാർക്കും തുറന്നുകൊടുത്തുകൊണ്ട് വിളംബരം ഉണ്ടായി. ഗാന്ധിജിയുടെ നിർദേശ പ്രകാരം വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് വിനോബാ ഭാവെ.